Breaking News
Home / BUSINESS / നാലു തുള്ളിയുടെ വെണ്മ’; ഉജാല രാമചന്ദ്രന്റെ ജീവിതകഥ ഇതാ

നാലു തുള്ളിയുടെ വെണ്മ’; ഉജാല രാമചന്ദ്രന്റെ ജീവിതകഥ ഇതാ

“ നാലു തുള്ളിയുടെ വെണ്മ’; ഉജാല രാമചന്ദ്രന്റെ ജീവിതകഥ ഇതാ “

വെറും 5,000 രൂപയുടെ മൂലധനവുമായി 1983-ല്‍, സ്വന്തം സംരംഭത്തിന് തുടക്കമിട്ടു. മൂത്തമകളുടെ പേരായിരുന്നു സംരംഭത്തിന് നല്കിയത്; ജ്യോതി ലബോറട്ടറീസ്. വസ്ത്രങ്ങള്‍ക്ക് വെണ്മ നല്കുന്ന തുള്ളിനീലമായിരുന്നു ആദ്യ ഉത്പന്നം, ‘ഉജാല’ എന്ന ബ്രാന്‍ഡില്‍.

തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷകകുടുംബത്തില്‍ ജനിച്ച രാമചന്ദ്രന് കുഞ്ഞുന്നാളില്‍ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. കണ്ടാണശ്ശേരിയിലും മറ്റത്തുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പിന് ചേര്‍ന്നെങ്കിലും മാര്‍ക്ക് കുറവായിരുന്നു. അങ്ങനെ, മെഡിസിന്‍ എന്ന സ്വപ്‌നം ഉപേക്ഷിച്ച് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബി.കോമിന് ചേര്‍ന്നു. അത് പൂര്‍ത്തിയാക്കിയതോടെ കോസ്റ്റ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയറ്റിന് ചേരാന്‍ കൊല്‍ക്കത്തയിലേക്ക് വണ്ടി കയറി.

അവിടെനിന്ന് 1971-ല്‍ മുംബൈയിലേക്ക്. വിദ്യാഭ്യാസചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലായിരുന്നു തുടക്കം. അധികം വൈകാതെ മുംബൈയില്‍ത്തന്നെ ഒരു കെമിക്കല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിയില്‍ കയറി. 150 രൂപ ശമ്പളം, ജോലിക്കിടെ, ബോംബെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദവും നേടി. ഇതിനിടെ, വിവാഹം. അതോടെ ഭാര്യയെയും മുംബൈയിലേക്ക് കൂട്ടി. പണം സ്വരുക്കൂട്ടി ചെറിയൊരു ഫ്‌ളാറ്റ് അതിനു മുന്‍പുതന്നെ മുംബൈയില്‍ വാങ്ങിയിരുന്നു.

പക്ഷേ, ജോലി ചെയ്ത കെമിക്കല്‍ കമ്പനി ഇതിനിടെ പ്രതിസന്ധിയിലേക്കു നീങ്ങാന്‍ തുടങ്ങി. 1981ഓടെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. എന്നാല്‍, അക്കൗണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്തിരുന്നതിനാല്‍ രാമചന്ദ്രന് കണക്കുകള്‍ തീര്‍പ്പാക്കുന്നതിനായി ജോലിയില്‍ തുടരേണ്ടിവന്നു. അതിനാല്‍, പെട്ടെന്ന് ജോലിയില്ലാതെ നില്‌ക്കേണ്ട സാഹചര്യമുണ്ടായില്ല. എങ്കിലും അടുത്തത് എന്താണെന്ന ചിന്ത മനസ്സില്‍ നുരഞ്ഞുപൊങ്ങുന്നുണ്ടായിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്ന ആഗ്രഹം ഇതിനോടകം രാമചന്ദ്രനെ കീഴ്‌പ്പെടുത്തി.

അങ്ങനെ, 1983-ല്‍ വെറും 5,000 രൂപയുടെ മൂലധനവുമായി സ്വന്തം സംരംഭത്തിന് തുടക്കമിട്ടു. മൂത്തമകളുടെ പേരായിരുന്നു സംരംഭത്തിന് നല്കിയത്; ജ്യോതി ലബോറട്ടറീസ്. വസ്ത്രങ്ങള്‍ക്ക് വെണ്മ നല്കുന്ന തുള്ളിനീലമായിരുന്നു ആദ്യ ഉത്പന്നം, ‘ഉജാല’ എന്ന ബ്രാന്‍ഡില്‍. അന്ന് വിപണിയിലുണ്ടായിരുന്ന പൊടിനീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉന്നതഗുണനിലവാരത്തിലുള്ള ഉത്പന്നമായിരുന്നു വികസിപ്പിച്ചത്. മറ്റ് ഉത്പന്നങ്ങള്‍ തുണിയിലെ മടക്കുകളില്‍ നീല അംശമുണ്ടാക്കുമായിരുന്നു. എന്നാല്‍, വെള്ളത്തില്‍ പൂര്‍ണമായി അലിയുന്ന തുള്ളിനീലം; അതായിരുന്നു ഉജാല.

തൃശ്ശൂര്‍ കണ്ടാണശ്ശേരിയില്‍ അച്ഛന്റെ സ്ഥലത്ത് ഒരു ഷെഡ്ഡില്‍നിന്നായിരുന്നു ഉത്പാദനം. ആദ്യ വര്‍ഷം 40,000 രൂപയുടെ വില്പന. ആദ്യം തൃശ്ശൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഉജാലയുടെ വിപണനം. പിന്നീട് അയല്‍ജില്ലകളിലേക്കും വിപണി വളര്‍ന്നു. വില്പന കൂടിക്കൊണ്ടിരുന്നെങ്കിലും ഉജാലയുടെ ബോട്ടിലിനുള്ള വില ഭീമമായിരുന്നു. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയുടെ ഉപദേശപ്രകാരം പ്ലാസ്റ്റിക് ബോട്ടിലുകളും ഉത്പാദിപ്പിക്കാന്‍ തുടങ്ങി. അതോടെ, ബോട്ടിലിന്റെ ചെലവ് പകുതിയായി കുറഞ്ഞു. ലാഭക്ഷമതയോടെ വില്പന നടത്താന്‍ അതു സഹായിച്ചു.

വളര്‍ച്ചയുടെ വേഗം കൂടി. 1987ഓടെ തമിഴ്‌നാട് വിപണിയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. ഇതിനിടെ, പത്രമാസികകളില്‍ പരസ്യം ചെയ്യാന്‍ തുടങ്ങി. ‘നാലു തുള്ളി മാത്രം’ എന്ന ജിംഗിളുമായി റേഡിയോപരസ്യങ്ങളും വൈകാതെ ശ്രദ്ധ പിടിച്ചുപറ്റി. 1988-ല്‍ വിറ്റുവരവ് ഒരു കോടിയിലെത്തി. ഇതോടെ, എതിരാളികളില്‍ നിന്നുള്ള ഭീഷണി മൂര്‍ദ്ധന്യത്തിലായി. അവരുടെ ശ്രമഫലമായി ഒട്ടേറെ റെയ്ഡുകള്‍ നേരിടേണ്ടിവന്നു; വന്‍തുക പിഴയും. അതു വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

എന്നാല്‍, എപ്പോഴും നേരായ മാര്‍ഗത്തില്‍ ഇടപാടുകള്‍ നടത്തിയിരുന്നതിനാല്‍ ആത്യന്തികവിജയം രാമചന്ദ്രനൊപ്പമായിരുന്നു. ഉജാലയുടെ വളര്‍ച്ച കണ്ട് വ്യാജ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കൊണ്ടിരുന്നു. പക്ഷേ, അത്തരം വെല്ലുവിളികളെ നേരിട്ട് രാമചന്ദ്രന്‍ എന്ന സംരംഭകന്‍ പ്രയാണം തുടര്‍ന്നു. തൃശ്ശൂരില്‍ ഒരേക്കറില്‍ വിപുലമായ ഫാക്ടറി സ്ഥാപിച്ചു. ആദ്യകാലത്തുതന്നെ തൊഴിലാളികള്‍ക്ക് കുടുംബപെന്‍ഷന്‍ പദ്ധതി, പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) എന്നിവയും നടപ്പാക്കി. എന്നിട്ടും പുറത്തുനിന്നുള്ളവര്‍ ഫാക്ടറിയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് രാമചന്ദ്രന് വലിയ വിഷമമുണ്ടാക്കി.

ഇതോടെ, മറ്റൊരു ആശ്രയം വേണമെന്ന് മനസ്സിലാക്കി ചെന്നൈയില്‍ 1993-ല്‍ ഫാക്ടറി തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതുച്ചേരിയിലും ഫാക്ടറി സ്ഥാപിച്ചു. ഉജാലയുടെ വിജയത്തിനു പിന്നാലെ 1995ഓടെ നെബൂല എന്ന പേരില്‍ അലക്കുസോപ്പ് വിപണിയിലെത്തിച്ചു. എന്നാല്‍ പിന്നീടിതിന് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ ലാഭക്ഷമമല്ലെന്നു കണ്ട് അതു നിര്‍ത്തി. ഉജാല ഇതിനോടകം ഇന്ത്യയൊട്ടാകെ വിപണി പിടിച്ചിരുന്നു. 1999 ആയപ്പോഴേക്കും ഉജാലയില്‍നിന്നുമാത്രം 100 കോടി രൂപയുടെ വിറ്റുവരവ് നേടാനായി.

ഇതിനിടെ, ആഗോള ധനകാര്യസ്ഥാപനമായ ഐ.എന്‍.ജി. ഗ്രൂപ്പിനു കീഴിലുള്ള നിക്ഷേപകസ്ഥാപനമായ ബെയറിങ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ജ്യോതി ലാബ്‌സില്‍ മൂലധനനിക്ഷേപം നടത്തി. പത്തു ശതമാനം ഓഹരികളാണ് അവര്‍ എടുത്തത്. 2002-ല്‍ അത് വന്‍ലാഭത്തില്‍ അവര്‍ സി.ഡി.സി. (ആക്ടിസ്), സി.എല്‍.എസ്.എ. എന്നീ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റു. ജ്യോതി ലാബ്‌സിന്റെ വളര്‍ച്ചാസാധ്യതയും ശക്തമായ അടിത്തറയും തിരിച്ചറിഞ്ഞ നിക്ഷേപകസ്ഥാപനങ്ങള്‍ കൂടുതല്‍ മൂലധനമിറക്കി ഓഹരിപങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്തി. പിന്നീട് അവര്‍ക്ക് ഓഹരി വിറ്റൊഴിയുന്നതിനായി 2007-ല്‍ പ്രഥമ പബ്ലിക് ഇഷ്യു (ഐ.പി.ഒ.) നടത്തി. ഇതോടെ, ജ്യോതി ലാബ്‌സിന്റെ ഓഹരികള്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും വ്യാപാരം ചെയ്യപ്പെടാന്‍ തുടങ്ങി.

ഇതിനിടെതന്നെ ഉത്പന്നനിര ശക്തമാക്കിയിരുന്നു. 2000-ല്‍ മാക്‌സോ എന്ന ബ്രാന്‍ഡില്‍ കൊതുകുനിവാരണ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. വനമാല അലക്കുസോപ്പ്, മായ അഗര്‍ബത്തി, ജീവ ആയുര്‍വേദിക് സോപ്പ്, എക്‌സോ ഡിഷ്‌വാഷ്, ഉജാല സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഉജാല ടെക്‌നോ ബ്രൈറ്റ് തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ ജ്യോതി ലാബ്‌സ് വിപണിയിലിറക്കി. ഇന്ന് ഫാബ്രിക് വൈറ്റ്‌നര്‍ വിപണിയില്‍ ഏതാണ്ട് 78 ശതമാനം വിപണിവിഹിതവുമായി ദേശീയതലത്തില്‍ നേതൃസ്ഥാനത്താണ് ഉജാല. പാത്രങ്ങള്‍ കഴുകുന്ന ഡിഷ്‌വാഷ് ബാര്‍ വിപണിയില്‍ നല്ലൊരു വിഹിതവുമായി രണ്ടാം സ്ഥാനത്ത് എക്‌സോ ഉണ്ട്.

കൊതുകുതിരിവിപണിയില്‍ മാക്‌സോ ശക്തമായ സാന്നിധ്യമാണ്. ഉപഭോക്തൃ ഉത്പന്ന (എഫ്.എം.സി.ജി.) വിപണിയെ ഞെട്ടിച്ചുകൊണ്ട് നഷ്ടത്തിലായിരുന്ന ഹെങ്കെല്‍ ഇന്ത്യയെ 2011-ല്‍ ജ്യോതി ലാബ്‌സ് ഏറ്റെടുത്തു. ജര്‍മനി ആസ്ഥാനമായുള്ള ഹെങ്കെലിന്റെ ഇന്ത്യന്‍ അനുബന്ധസംരംഭമായിരുന്നു അത്. ഏറ്റെടുത്തശേഷം അതിനെ ജ്യോതി ലാബ്‌സില്‍ ലയിപ്പിച്ചു. 783 കോടി രൂപയാണ് ഏറ്റെടുക്കലിനായി ജ്യോതി ലാബ്‌സ് ചെലവഴിച്ചത്. ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ്, പ്രില്‍, മാര്‍ഗോ, ഫാ തുടങ്ങി ഹെങ്കെലിന്റെ വിപുലമായ ഉത്പന്നനിര ഇതോടെ ജ്യോതി ലാബ്‌സിന് സ്വന്തമായി.

ജ്യോതി ലാബ്‌സിന്റെ ശക്തമായ ഗവേഷണവികസനവിഭാഗം ഹെങ്കെലിന്റെ ഓരോ ഉത്പന്നത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തി. ഇതോടെ ഈ ബ്രാന്‍ഡുകളുടെ വില്പന വന്‍തോതില്‍ വളരാന്‍ തുടങ്ങി. ഹെങ്കെലിന്റെ ഏറ്റെടുക്കലോടെ 2011-ല്‍ ജ്യോതി ലാബ്‌സ് ഗ്രൂപ്പിന്റെ വാര്‍ഷികവിറ്റുവരവ് 1,000 കോടി രൂപ കടന്നു. ഹെങ്കെലിനുണ്ടായിരുന്ന 600 കോടി രൂപയുടെ സഞ്ചിതനഷ്ടം ഒരുകണക്കിന് ജ്യോതി ലാബ്‌സിന് നികുതിയിനത്തില്‍ മുതല്‍ക്കൂട്ടായി. ജ്യോതി ലാബ്‌സിന് പുറമേ ജ്യോതി ഫാബ്രികെയര്‍ സര്‍വീസസ് എന്ന പേരില്‍ അലക്കുകമ്പനിയും ഗ്രൂപ്പിനുണ്ട്. മുംബൈയിലും ബെംഗളൂരുവിലുമായി വ്യാപിച്ചുകിടക്കുന്ന ഫാബ്രിക് സ്പാ ശൃംഖലയ്ക്ക് ഡല്‍ഹി വിമാനത്താവളത്തിലും യൂണിറ്റുണ്ട്.

ഇന്ത്യന്‍ റെയില്‍വേയും ഒട്ടേറെ ഹോട്ടല്‍ശൃംഖലകളും ജ്യോതി ഫാബ്രിക് സ്പായുടെ ഉപഭോക്താക്കളാണ്. പ്രവര്‍ത്തനം തുടങ്ങി മൂന്നരപ്പതിറ്റാണ്ടുകൊണ്ട് 7,500 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാറി. അയ്യായിരത്തിലേറെ ജീവനക്കാരുള്ള ഗ്രൂപ്പിന്റെ വിറ്റുവരവ് ഇപ്പോള്‍ 2,000 കോടി രൂപയ്ക്കടുത്ത് എത്തിനില്ക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതിലേറെ ഫാക്ടറികള്‍ ഗ്രൂപ്പിനുണ്ട്. കമ്പനിയുടെ നടത്തിപ്പില്‍ രാമചന്ദ്രന് കരുത്തായി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഉല്ലാസ് കാമത്ത് ഉണ്ട്. രണ്ടരപ്പതിറ്റാണ്ടിലേറെയായി അദ്ദേഹം ജ്യോതി ലാബ്‌സിനൊപ്പമാണ്.

2020 ഏപ്രില്‍ ഒന്നോടെ മാനേജിങ് ഡയറക്ടര്‍ പദവി മകള്‍ എം.ആര്‍. ജ്യോതിക്ക് കൈമാറി ചെയര്‍മാന്‍ എമരിറ്റസ് പദവിയിലേക്ക് മാറുകയാണ് രാമചന്ദ്രന്‍. എഫ്.എം.സി.ജി. രംഗത്ത് ഏറ്റവും ഗുണനിലവാരമുള്ള ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയായി ജ്യോതി ലാബ്‌സിനെ മാറ്റുക എന്നതാണ് എം.പി. രാമചന്ദ്രന്റെ ലക്ഷ്യം. മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന സംരംഭകജീവിതത്തില്‍ എം.പി. രാമചന്ദ്രന്‍ പഠിച്ച പാഠങ്ങള്‍ അനവധിയാണ്. ‘ഓരോ വെല്ലുവിളിയും വളര്‍ച്ചയിലേക്കുള്ള ചുവടുകളാണ്. പരാജയങ്ങളെ മനോധൈര്യത്തോടെ നേരിടുന്നവരാണ് യഥാര്‍ഥ സംരംഭകന്‍.’ നമുക്കു മുന്നിലെത്തുന്ന അവസരങ്ങളില്‍ അനുയോജ്യമായത് കണ്ടെത്തുകതന്നെ വേണമെന്നും എം.പി. രാമചന്ദ്രന്‍ പറയുന്നു.

About admin

Check Also

ചെറിയ ഒരു വിദ്യയിലൂടെ, എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

പത്തു രൂപ ചിലവിൽ എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ചെറിയ ഒരു വിദ്യയിലൂടെ ഇ വർഷത്തെ വേനൽ …

Leave a Reply

Your email address will not be published. Required fields are marked *