Breaking News
Home / ENTERTAINMENT NEWS / എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ..

എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ..

എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ..

നേരം സന്ധ്യയായി കഴിഞ്ഞാൽ ഞാൻ കുറച്ചു സമയം വ്യായാമത്തിനായി നീക്കി വെക്കുക പതിവാണ്. Covid -19 കാരണം വീട്ടിൽ അടച്ചിരിക്കുന്നത് കൊണ്ട് വ്യായാമം വീട്ടിൽത്തന്നെയാണ്. ഞങ്ങളുടേത് നല്ല വിസ്താരമുള്ള ഫ്ലാറ്റ് ആയതുകൊണ്ട് മുറിക്കകത്ത് തന്നെ ഇരിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള മടുപ്പ് എന്നെ പിടികൂടിയിട്ടുമില്ല.

ഞാൻ സാധാരണ ചെയ്യുന്നത്, ഭാരം എടുത്തിട്ടുള്ള വ്യായാമം ആയതുകൊണ്ട് കുറച്ച് ഇടവേളകൾ അത്യാവശ്യമാണ്. ആ ഇടവേളകൾ ചിലപ്പോളൊക്കെ നീണ്ടു പോകാറുണ്ട്. അതിനു കാരണം അടുത്തുള്ള ഫ്ളാറ്റുകളിലേക്കു നോക്കാനുള്ള എന്നിലുള്ള ജിജ്ഞാസയാണ്. സത്യം പറയട്ടെ, ഇരുട്ടിനെ കൂട്ടുപിടിച്ച് ഓരോ കുടുംബങ്ങളിലേക്ക് ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്. എന്റെ കിളിവാതിലിൽ കൂടി ദൃശ്യമാകുന്ന കുടുംബങ്ങളിലേക്ക്.

 

ഇങ്ങനെ നോക്കുമ്പോൾ കാണുന്ന ഒരു ഫ്ലാറ്റിന്റെ അടുക്കള വിശേഷം വളരെ കഷ്ട്ടമായി എനിക്ക് തോന്നി. ആ വീട്ടിലെ ജോലിക്കാരിയാണ് ആ സ്ത്രീ എന്ന് തോന്നുന്നു. അവർ എപ്പോഴും പണിയിലാണ്. ആ അടുക്കളയിലേക്ക് എപ്പോൾ നോക്കിയാലും അവിടെ പാചകവും പാത്രം കഴുകലും മാത്രം. അതിനു രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല. ഒരു ഗൃഹനാഥനും ഗൃഹനാഥയും മൂന്ന് കുട്ടികളും ഒരു മുത്തശ്ശിയും ഈ ജോലിക്കാരിയെ കൂടാതെ ആ വീട്ടിലുണ്ട്. ഇവരൊക്കെ നല്ല ഭക്ഷണപ്രിയരാണ് എന്ന കാര്യത്തിൽ സംശയമില്ല. രാത്രിയാകുമ്പോൾ ഓരോരുത്തർ അടുക്കളയിൽ വന്ന് പാത്രം എടുത്ത് സ്റ്റൗവിൽ ഇരിക്കുന്ന ഭക്ഷണം എടുത്തുകൊണ്ടു പോകും. അപ്പോഴൊക്കെ ആ ജോലിക്കാരി ആ നിൽപ്പ് അവിടെ നിൽക്കുന്നത് കാണാം. ആ സ്ത്രീ ഒന്ന് ഇരിക്കാറുപോലുമില്ലേ? എനിക്ക് അവരോട് അതിയായ സഹതാപം തോന്നാറുണ്ട്. അവരുടെ ശമ്പളം ചിലപ്പോൾ നാട്ടിലെ മുപ്പതിനായിരം രൂപ ആകാം. നാട്ടിൽ ഈ ശമ്പളം ചിലപ്പോൾ ഒരു എൻജിനീയർക്കോ ഡോക്ടർക്കോ ഒക്കെ കിട്ടുന്നതാകാം. അതൊക്കെ ഈ വീട്ടുകാർക്ക് അറിയാം. അതാണ് ഒരു മനുഷ്യജീവനെ ചൂഷണം ചെയ്യാവുന്നതിന്റെ പരമാവധി അവർ ആ സ്ത്രീയെ ചൂഷണം ചെയ്യുന്നത്.

ഇടയ്ക്കിടയ്ക്ക് എന്റെ മുറിയിലേക്ക് എന്റെ മകൻ കടന്നുവരും. വന്നിട്ട് ലൈറ്റ് ഓൺ ആക്കും എന്നിട്ട് ഞങ്ങളുടെ ഡബിൾ സ്പ്രിങ് ബെഡ്ഡിൽ അവന്റെ ചാട്ടവും തലകുത്തിമറിയലും. ലൈറ്റ് ഓൺ ആക്കുന്നത് കാരണം എന്റെ ഒളിഞ്ഞു നോട്ടത്തിന് ഇടവേള കൊടുത്തു ഞാൻ വ്യായാമത്തിൽ മുഴുകും. അവൻ മുറിയിൽ നിന്നും പോകുന്നില്ല എന്ന് കാണുമ്പോൾ ഞാൻ കരുതി വച്ചിട്ടുള്ള എന്റെ അവസാനത്തെ വിദ്യ ഇറക്കും. ഞാൻ അവനോട് പറയും,andrayo, i think pappa is going to change andrayo’s tv channel and he is going to put pappa’s tv channel. അത് കേൾക്കുമ്പോൾ അവന്റെ അപ്പൻ എന്തോ വലിയ തെറ്റ് ചെയ്യാൻ പോകുന്നു എന്ന് മനസ്സിലാക്കി ആ ഉദ്യമം തടയാൻ എന്നപോലെ അവൻ വാണംവിട്ടപോലെ ഓടും പപ്പയുടെ അടുത്തേക്ക്. പട്ടി ഒട്ടും പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന ലൈൻ ആണ് എന്റെ മോൻ.

ഇരുട്ടിനെ പിന്നെയും മറയാക്കി അടുത്തുള്ള കുടുംബങ്ങളിലേക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു വീട്ടിലെ അടുക്കളയെന്നും അടവാണ്. ആ മുറിയിൽ ലൈറ്റ് തെളിയുന്നത് കാണാറില്ല അതുകൊണ്ട് അടവ് ആയിരിക്കും എന്ന് ഞാൻ അനുമാനിച്ചതാണ്. ആ കുടുംബത്തിൽ ആകെ രണ്ടു പേരെ ഉള്ളൂ. അച്ഛനും മകനും ആണ് എന്ന് തോന്നുന്നു. രണ്ടുപേരും അജാനബാഹുകൾ. അച്ഛൻ എപ്പോഴും ചിപ്സ് തീറ്റയും ടിവി കാഴ്ചയുമാണ്. അദ്ദേഹത്തിന്റെ ശരീരം വീർത്തുവരുന്നതൊന്നും ഒരു പ്രശ്നമേ അല്ല എന്ന മട്ടാണ്. പക്ഷേ മകൻ അങ്ങനെയല്ല. അവനു മെലിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അവൻ ചെയ്യുന്ന വ്യായാമം എനിക്ക് കാണാം. അവന്റെ മെലിയാനുള്ള ആഗ്രഹം സഫലമാകട്ടെ എന്ന് മനസ്സുകൊണ്ട് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. എന്റെ കണ്ണുകളെ ഞാൻ അടുത്ത വീട്ടിലേക്ക് ക്ഷണിച്ചു.

ആ വീട്ടിൽ അച്ഛനും അമ്മയും രണ്ട് പെൺമക്കളും ആണ്. അച്ഛനും അമ്മയും പ്രായമായവർ ആണ്. അവർ ജോലിയിൽ നിന്നും റിട്ടയേഡ് ആകാറായി എന്ന് തോന്നും. ആ വീട്ടിൽ അമ്മയാണ് പാചക കാര്യങ്ങൾ. അച്ഛൻ പാത്രം കഴുകലും. പെൺകുട്ടികളാണ് വീട് വൃത്തിയാക്കുന്നത്. പെൺമക്കൾ പ്ലേറ്റ് നക്കിത്തുടച്ച് അച്ഛന് കഴുകാൻ കൊടുക്കുന്നത് കാണാം. ഭക്ഷണം കഴിച്ചിട്ട് പെൺകുട്ടികൾ ചുമ്മാതെ ഇരിക്കില്ല അവർ വാക്കും ക്ലീനിങ്ങും തുടയ്ക്കലുമായി കുറച്ചു സമയം ചെലവഴിക്കും. അതുകഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് കാണാം. പിന്നെ വർത്തമാനം പറയലും ടിവി കാഴ്ചയും. ഇവർ സന്തുഷ്ട കുടുംബം ആണ് എന്ന് എനിക്ക് തോന്നാറുണ്ട്.

 

ഈ മൂന്നു കുടുംബങ്ങളുടെ അടിവേരുവെരെ കാണാവുന്ന തരത്തിൽ അത്രയും അടുത്താണ് അവരുടെ ഫ്ളാറ്റുകൾ എന്റെ ഫ്ളാറ്റിനോട്. ഞാൻ പിന്നെയും പരതി നോക്കും വേറെ ഫ്ലാറ്റുകളിലേക്കു. അപ്പോൾ സ്ഥിരമായി ഒരു ഗൃഹനാഥൻ അവരുടെ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് കാണാം. അയാൾ നല്ല ടെൻഷനിലാണ് എന്ന് തോന്നാറുണ്ട്. ചിലപ്പോൾ അയാളുടെ ജോലി പോകാൻ സാധ്യതയുണ്ടായിരിക്കാം.Covid-19 ലോകം മുഴുവൻ നിശ്ചലമാക്കി അതിന്റെ തേരോട്ടം കടിഞ്ഞാണില്ലാത്ത കുതിരയുടേത് പോലെ പോയിക്കൊണ്ടിരിക്കുകയല്ലേ. പാവം ആ മനുഷ്യന്റെ ടെൻഷൻ ഇല്ലാതാകാണെ എന്ന് ഞാനാഗ്രഹിച്ചു.

എന്റെ വ്യായാമം ഏകദേശം കഴിഞ്ഞു എന്നു പറയാം. സമയം രാത്രി 10 : 30 ആയിട്ടുണ്ടാകും. ഞങ്ങൾ ഭക്ഷണം കഴിച്ചു വർത്തമാനം പറഞ്ഞ് ഉറങ്ങാൻ കിടന്നു. എനിക്ക് എന്തോ ഉറക്കം വരുന്നില്ല. ഞാൻ വീണ്ടും എഴുന്നേറ്റ് അപ്പുറത്തെ ഫ്ളാറ്റുകളിലേക്കു നോക്കാൻ തുടങ്ങി. രണ്ട് ഫ്ളാറ്റുകൾ ഒഴിച്ചാൽ ബാക്കി എല്ലാവരുടെയും ലൈഫ് ഓഫ് ആണ്. ഒരു ഫ്ലാറ്റ് ഞാൻ നേരത്തെ പറഞ്ഞ ഫ്ളാറ്റാണ്. അവിടെ ആ ജോലിക്കാരി പാത്രം കഴുകുകയാണ്. മറ്റേ ഫ്ലാറ്റിൽ കുറെ ചെക്കന്മാർ ആണ് താമസം. അവർ നാലു പേരുണ്ട്. അവർ മൂന്നുപേരും എന്തോ അഭിനയിക്കുകയാണ് എന്ന് തോന്നുന്നു. ഒരു ചെക്കൻ അത് മൊബൈലിൽ പകർത്തലും. വീണ്ടും വീണ്ടും അവർ ആ രംഗം അഭിനയിക്കുന്നുണ്ട്. ചിരിയും കളിയുമായി അവർ ഈ രാത്രി ആഘോഷമാക്കുകയാണ്.

ഞാൻ പിന്നെയും ആ ജോലിക്കാരിയെ നോക്കിനിന്നു. അവർ തീർത്തും അവശയായി എന്ന് തോന്നുന്നു. അവർക്ക് ഭർത്താവും കുട്ടികളും ഒക്കെ ഉണ്ടാകുമോ? ഉണ്ടാകും. അല്ലാതെ പിന്നെ അവർ ആർക്കുവേണ്ടിയാണ് ഈ കഷ്ടപ്പെടുന്നത്? ഈ ഫ്ലാറ്റിന്റെ അടുക്കളയിൽ മാത്രമേ ഉള്ളു വെളിച്ചം. അവിടെ ബാക്കി എല്ലാവരും ഉറങ്ങിക്കാണും എന്ന് ഞാൻ ചിന്തിച്ചു. പെട്ടെന്ന് ആ വീട്ടിലെ ഗൃഹനാഥൻ വന്നു പാത്രം കഴുകിക്കൊണ്ടിരിക്കുന്ന ആ വേലക്കാരിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു. അയാൾ അവളുടെ കഴുത്തിൽ തലവെച്ച് കെട്ടിപ്പിടിച്ച് നിൽക്കുന്നു. അവൾക്ക് ഒരു ഭാവമാറ്റവും ഇല്ല. അവൾ പാത്രം കഴുകി കഴിയുന്നതുവരെ അയാൾ ആ നിൽപ്പ് നിന്നു. പിന്നെ അയാൾ അവളുടെ കൈ പിടിച്ചു കൊണ്ട് നടന്നു പോകുന്നത് കണ്ടു. അങ്ങനെ ആ അടുക്കളയിലെ വെളിച്ചവും നിന്നു.

 

Chinchu susan thomas

About admin

Check Also

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ “അവൾക്കു …

Leave a Reply

Your email address will not be published. Required fields are marked *