Breaking News
Home / HEALTH & FITNESS / ഗര്‍ഭകാല വിളര്‍ച്ച ശ്രദ്ധിക്കണം

ഗര്‍ഭകാല വിളര്‍ച്ച ശ്രദ്ധിക്കണം

ഗര്‍ഭകാല വിളര്‍ച്ച ശ്രദ്ധിക്കണം
മാതൃത്വം അവാച്യമായ അനുഭവമായി മാറണമെങ്കില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ അമ്മയെയും കുഞ്ഞിനെയും ലഭിക്കണം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍, മാതൃമരണനിരക്കില്‍ ഭാരതം രണ്ടാമതാണ് എന്നത് ഒരു ദു:ഖസത്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി കാരണങ്ങളാല്‍ മാതൃമരണനിരക്ക് കൂടുതലാണ്. എങ്കിലും മുന്‍കാലങ്ങളേക്കാള്‍ 16-20 ശതമാനം മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

കാരണങ്ങള്‍ പലത്

ഗര്‍ഭാവസ്ഥയിലോ പ്രസവിച്ച് 42 ദിവസത്തിനകമോ സ്ത്രീ മരിക്കുകയാണെങ്കില്‍ അതിനെ മാതൃമരണം എന്നാണ് പറയുന്നത്.

ഏകദേശം 15 ശതമാനം പേരില്‍ പ്രസവാന്തര രക്തസ്രാവം മൂലവും 15 ശതമാനം പേരില്‍ വൃത്തിഹീനമായ ഗര്‍ഭഛിദ്രം കൊണ്ടും 10 ശതമാനം പേരില്‍ രക്തസമ്മര്‍ദ്ദം മൂലവും 5-8 ശതമാനം പേരില്‍ അണുബാധകള്‍ മൂലവും പ്രസവത്തിലുള്ള തടസ്സങ്ങള്‍ കൊണ്ടും ഹൃദ്രോഗം, രക്തം കട്ടപിടിക്കല്‍ പോലെയുള്ള രോഗങ്ങള്‍ കാരണവും മാതൃമരണം സംഭവിക്കുന്നു.

വികസ്വര രാജ്യങ്ങളില്‍ രക്തസ്രാവമാണ് വില്ലനെങ്കില്‍, വികസിത രാജ്യങ്ങളില്‍ രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്.

മാതൃമരണം കേരളത്തില്‍

കേരളത്തില്‍ പൊതുവെ പ്രസവാനന്തര രക്തസ്രാവമാണ് മാതൃമരണത്തിനു കാരണം. ഇതിനുള്ള പ്രധാന കാരണം ഗര്‍ഭകാലത്ത് സ്ത്രീക്ക് വിളര്‍ച്ച (രക്തകുറവ്) ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ആരോഗ്യമില്ലായ്മ, ചെറുപ്രായത്തില്‍ ഗര്‍ഭധാരണം, മൂന്നില്‍ കൂടുതല്‍ ഗര്‍ഭധാരണം, ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദ്ദം ഉണ്ടെങ്കിലും അമിത തൂക്കമുള്ള കുഞ്ഞാണെങ്കിലും അണുബാധ ഉണ്ടെങ്കിലുമൊക്കെ അമിത രക്തസ്രാവത്തിനുള്ള സാധ്യതയേറെയാണ്.

ആരോഗ്യം ശ്രദ്ധിക്കണം

ഗര്‍ഭാവസ്ഥയ്ക്ക് മുമ്പ് തന്നെ സ്ത്രീയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വിളര്‍ച്ചയുണ്ടെങ്കില്‍ കാരണം കണ്ടെത്തി ചികിത്സിക്കണം. ഗര്‍ഭിണി നിര്‍ബന്ധമായും അയണ്‍ ഗുളികകള്‍ കഴിച്ചിരിക്കണം. അയണും വിറ്റാമിനും അടങ്ങിയ സമീകൃത ആഹാരമായിരിക്കണം ഗര്‍ഭിണി കഴിക്കേണ്ടത്. രക്തപ്രവാഹത്തിന് ഇടയാക്കുന്ന മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സ തേടണം. രക്തസമ്മദ്ദവും പ്രമേഹവും നിയന്ത്രണവിധേയമായിരിക്കണം. മൂന്നില്‍ കൂടുതലുള്ള ഗര്‍ഭധാരണം 18 വയസ്സിനു താഴെയുള്ള ഗര്‍ഭധാരണവും നന്നല്ല.

പ്രസവസമയത്തെ പരിചരണം

പ്രസവസമയത്ത് വേണ്ടത്ര പരിചരണം ഗര്‍ഭിണിക്ക് ആവശ്യമാണ്. ധാരാളം വെള്ളം കൊടുക്കണം. സുഖപ്രസവത്തിന്റെ സാധ്യതകള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. പ്രസവാനന്തരം രക്തസ്രാവം വരാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കണം. യോനിക്കകത്ത് മുറിവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവ കൃത്യമായി തയ്ച്ച് രക്തസ്രാവം നിയന്ത്രിക്കണം. ചുരുക്കത്തില്‍ പ്രസവം സസൂക്ഷ്മം കൈകാര്യം ചെയ്യണം.

ഗര്‍ഭഛിദ്രം അപകടം

ഇന്ന് ചെറുപ്പക്കാരില്‍ അനാവശ്യ ഗര്‍ഭധാരണം വര്‍ദ്ധിച്ചുവരുന്നു. അതിനാല്‍, ഗര്‍ഭഛിദ്രവും ഏറിവരുന്നു. പലരും അശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തി, ഗര്‍ഭപാത്രത്തിലും അരക്കെട്ടിലും അണുബാധയുണ്ടായി. സ്ത്രീക്ക് മരണം വരെ സംഭവിക്കുന്നു. കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ച്, ശരിയായ രീതിയിലുള്ള ഗര്‍ഭഛിദ്രങ്ങള്‍ സാധാരണഗതിയില്‍ ദോഷം ചെയ്യില്ല എന്ന് മനസ്സിലാക്കിയിരിക്കണം.

ഗര്‍ഭകാലവും പ്രസവവും സുരക്ഷിതമാക്കാം

സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി അയണ്‍, കാത്സ്യം ഗുളികകള്‍ ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട് . ഇവ പ്രയോജനപ്പെടുത്തണം. ഗര്‍ഭം തുടങ്ങുമ്പോള്‍ മുതല്‍ കൃത്യമായി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധനകള്‍ നടത്തിയിരിക്കണം. ഗര്‍ഭിണികള്‍ സമീകൃതാഹാരം കഴിക്കണം. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കിയാല്‍ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

സങ്കീര്‍ണ്ണതകളുള്ള ഗര്‍ഭമാണെങ്കില്‍ രക്തബാങ്കും ഐ.സി.യു സൗകര്യങ്ങളുമുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതും ചികിത്സ തേടുന്നതുമാണ് നല്ലത്. ശാസ്ത്രീയമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും കുട്ടികള്‍ രണ്ടോ മൂന്നോ ആയവര്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നതും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്തിനു മുന്‍പും ഗര്‍ഭകാലത്തും ശേഷവും വേണ്ടത്ര പരിഗണനയും പരിചരണവും സ്ത്രീക്ക് ലഭിക്കുകയാണെങ്കില്‍ മാതൃമരണനിരക്ക് കുറച്ച് മരണ സ്മൃതിയായി താജ്മഹലുകള്‍ സൃഷ്ടിക്കപ്പെടാതിരിക്കും.

ചിപ്പി തോമസ്

About admin

Check Also

23 വർഷത്തെ നീണ്ട പ്രണയകാലത്തിനൊടുവിൽ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ

കഴിഞ്ഞ 23 വർഷത്തെ പ്രണയകാലത്തിനൊടുവിൽ, പ്രണയ ജോഡികളായ താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് KSRTC ഡിപ്പോയിൽ …

Leave a Reply

Your email address will not be published. Required fields are marked *