Breaking News
Home / WORLD / CURRENT AFFIARS / കൊവിഡ് 19: കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ – പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കർക്കശ നിലപാടിലേക്ക്

കൊവിഡ് 19: കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ – പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കർക്കശ നിലപാടിലേക്ക്

പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കർശന നിയന്ത്രണത്തിലേക്ക്… മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും … കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി തന്നെ നിരോധിച്ചു, അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു കർശന നിര്‍ദേശം

പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നു. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ തന്നെ നടപ്പാക്കി. അടുത്ത ഘട്ടത്തിൽ നിയന്ത്രണം സംസ്ഥാനത്താകെ മാറും വിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ചേർന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി തന്നെ നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു കർശന നിര്‍ദേശം നല്‍കി. എല്ലാ പൊതു-സ്വകാര്യ പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം വന്നത്. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും.

രോഗവ്യാപനം പൂർണമായും തടയാന്‍ 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിര്‍ദേശം നല്കിട്ടുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അവശ്യഘട്ടങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷന്‍ 144 പ്രയോഗിക്കാം.

സംസ്ഥാനത്ത് 15 പേര്‍ക്കുകൂടി പുതുതായി കൊറോണബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാസര്‍കോട്ട് അഞ്ചുപേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നാലുപേര്‍ക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ഇത് ആദ്യമായാണ്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 67 ആയി. കോഴിക്കോട്ടും ആദ്യമായാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയ മൂന്നുപേരൊഴികെ 64 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോൾ ചികിത്സയിലാണ്.

കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി (22-03-2020) ഒന്‍പത് മണിമുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനാജ്ഞ പുറപ്പെടിപ്പിച്ചിട്ടുള്ളത്.

ജില്ലകളില്‍ എല്ലാ ആഭ്യന്തര, പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്താലാക്കും. അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്ന നിലപാടെടുത്തിട്ടുണ്ട്.

പൊതു ഇടങ്ങളിലുള്ള കൂട്ടം ചേരലുകള്‍ ഒരു കാരണവശാലും അനുവദിക്കില്ല. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒട്ടും അനുവദിക്കില്ല. എല്ലാത്തരം ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിർബന്ധമായും നിര്‍ത്തിവയ്ക്കണം. ക്ലബ്ബുകള്‍, സിനിമാ തിയറ്ററുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, മറ്റ് വിനോദ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണം.

രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ തുറന്നു പ്രവർത്തിപ്പിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ കുറഞ്ഞത് ഒരു മീറ്ററിലധികം അകലം പാലിച്ച് സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമെ കടകള്‍ക്ക് മുന്നിലോ കടകള്‍ക്കുള്ളിലോ ആളുകള്‍ എത്തിച്ചേരുന്നുള്ളൂ എന്ന് പൊലീസ് തന്നെ ഉറപ്പുവരുത്തും.

സ്‌കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍, ക്യാമ്പുകള്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവയെല്ലാം പൂർണമായും ഒഴിവാക്കണം. ആശുപത്രികളില്‍ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗിയുടെ കൂടെ നില്ക്കാൻ ഒന്നിലധികം പേര്‍ ഉണ്ടാകാൻ അനുവദിക്കുന്നതല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും 10 ലധികം പേര്‍ ഒരുമിച്ച് കൂട്ടം കൂടരുത്. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം പൂർണമായും നിര്‍ത്തിവച്ചു.

വിവാഹങ്ങളില്‍ ഒരേ സമയം 10 പേരില്‍ കൂടുതല്‍ പങ്കെടുക്കുവാൻ പാടില്ല. ആകെ പങ്കെടുക്കുന്നവര്‍ 50 പേരില്‍ കൂടുതലാവാനും പാടില്ല. വിവാഹ തിയ്യതിയും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതത് പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസുകളിലും മുൻകൂട്ടി അറിയിക്കണം. ഹാര്‍ബറുകളിലെ മത്സ്യ ലേല നടപടികള്‍ എല്ലാം നിരോധിച്ചു.

 

About admin

Check Also

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി മദ്യം കിട്ടാതെ തൃശൂരില്‍ വീണ്ടും ആത്മഹത്യ; കരുപടന്ന യുവാവ് …

Leave a Reply

Your email address will not be published. Required fields are marked *