Home / HEALTH & FITNESS / കൊറോണ തടയാൻ

കൊറോണ തടയാൻ

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

യുനാനി, ഹോമിയോ പ്രതിരോധശേഷിക്ക്

യുനാനി, ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമുള്ളതാണ്. ഷഡകപാനീയം അടക്കമുള്ളവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ്. എന്നാല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മാത്രമേ പാലിക്കാവൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു.

രണ്ട് പരിശോധനകള്‍

കൊറോണ വൈറസ് സ്ഥിരീകരണത്തിന് രണ്ട് തരം പരിശോധനകള്‍. പ്രാഥമിക പരിശോധനയായ റിയല്‍ടൈം പോളിമറി ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റ്-(ആര്‍ടിപിസിആര്‍)ലൂടെ കൊറോണ വൈറസിന്റെ സാന്നിധ്യം അറിയാം. രണ്ടാമത്തേത് ജീന്‍ സീക്ക്വന്‍സി പരിശോധന. ഇതിലാണ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സ്ഥിരീകരണം. വൈറസ് ഉണ്ടാക്കുന്ന മറ്റു രോഗങ്ങളെ പോലെ ഇതിനും പ്രത്യേകിച്ച് മരുന്ന് കണ്ടെത്തിയിട്ടില്ല. അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ചിലര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ.

പ്രതിരോധം നിപ മാതൃകയില്‍

നിപയെ പ്രതിരോധിക്കാന്‍ തയാറാക്കിയ മാതൃകയാണ് കൊറോണയെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നത്. രോഗിയുമായി ഇടപഴകാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷിക്കും. രോഗലക്ഷണം കണ്ടെത്തുന്നവരെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണ്. ആശുപത്രികളില്‍ നിപ പ്രതിരോധത്തിന് ഉപയോഗിച്ച മാതൃകയിലുള്ള ഡ്രസ്സുകളും എന്‍95 വിഭാഗത്തിലെ മാസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്.

മുമ്പിലുള്ളത് വലിയ കടമ്പ

രോഗം വ്യാപിക്കുന്നത് തടയുക, വിദ്യാര്‍ഥിനിയുമായി ഇടപഴകിയവരെ കണ്ടെത്തുക തുടങ്ങിയവര്‍ വലിയ വെല്ലുവിളിയാണ്. ഇതിന് വിദ്യാര്‍ഥിനി എത്തിയ വിമാനം മുതല്‍ ആശുപത്രിയില്‍ എത്തുന്നത് വരെ ആരുമായെല്ലാം സമ്പര്‍ക്കത്തില്‍ വന്നുവെന്ന് കണ്ടെത്തണം.

ഗര്‍ഭിണികളും ഹൃദ്രോഗികളും ശ്രദ്ധിക്കണം

വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് കൊറോണ വൈറസിനും. പനി, ചുമ, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. രണ്ട് മുതല്‍ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. ഇത് 28 ദിവസം വരെ ആകാം. ന്യുമോണിയയിലേക്ക് നീങ്ങിയാല്‍ പ്രായമായവര്‍, ഹൃദയ സംബന്ധ രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് ഗുരുതരമാകാം.

ഗുരുതരം, കരുതുക

രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയത് ഇവയില്‍ നിന്നും ചെറിയ വ്യത്യാസമുള്ള, ജനിതകമാറ്റം വന്ന പുതിയ വൈറസാണ്. ജലദോഷത്തെ പോലെ ശ്വാസകോശ നാളിയെയാണ് രോഗം ബാധിക്കുക. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീളും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങളും പിടിപെടും

പടരാനുള്ള സാധ്യതകള്‍

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവത്തുള്ളിയില്‍ വൈറസുണ്ടാകും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴും ഹസ്തദാനം നല്‍കുമ്പോഴും രോഗം പകരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യമുണ്ടാകാം.

കൊറോണ വുഹാനിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്

കൊറോണ എത്തിയത് വുഹാനിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണെന്ന് വ്യക്തമായതോടെ അവിടെ നിന്ന് എത്തിയ വിദ്യാര്‍ഥികളെല്ലാം അതീവ നിരീക്ഷണത്തിലാണ്. ചൈനയില്‍ യാത്രാ വിലക്ക് വരുംമുമ്പേ സംസ്ഥാനത്തേക്ക് എത്തിയവരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ചൈനയില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഏകദേശം 2500ല്‍ അധികം ഇന്ത്യക്കാര്‍ ചൈനയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

About admin

online news web portal

Check Also

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ് വളരെ വേദനയോടെ യുവതി ലൈവിൽ

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ് വളരെ വേദനയോടെ യുവതി ലൈവിൽ നമ്മുടെ കണ്ണ് നിറയാതെ ഒരിക്കലും ഈ വീഡിയോ …

Leave a Reply

Your email address will not be published. Required fields are marked *